2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

പറയിപെറ്റ പന്തിരുകുലം



പറയിപെറ്റ പന്തിരുകുലം

ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണനു് പറയ സമുദായത്തില്‍പ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ടു് മക്കളാണു് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നതു്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥര്‍ എടുത്തുവളര്‍ത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കര്‍മ മണ്ഡലങ്ങളില്‍ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകള്‍ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്.

കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല എന്ന ഗ്രന്ഥത്തിലാണ് ഇതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്
കൊട്ടാരത്തില്‍ ശങ്കുണ്ണി ജനനം : 1855 മാര്‍ച്ച് 23 മരണം : 1937 ജൂലൈ 22




കഥ

ഉജ്ജയിനിയിലെ (മധ്യപ്രദേശ്‌) രാജാവായിരുന്ന വിക്രമാദിത്യന്റെ സദസ്സിലെ പണ്ഡിതശ്രേഷ്ഠനായിരുന്നു വരരുചി എന്ന ബ്രാഹ്മണന്‍ . എ.ഡി. മൂന്നാം നൂറ്റാണ്ടിലാണ് വരരുചി ജീവിച്ചിരുന്നത് എന്നാണ് വിശ്വാസം. ഒരികല്‍ വിക്രമാദിത്യമഹാരാജാവ്‌ തന്റെ സദസ്സിലെ പണ്ഡിതരോടായി "രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ്‌?" എന്ന ചോദ്യം ചോദിച്ചു. പണ്ഡിതശ്രേഷ്ഠനായ വരരുചിക്കും അതിനുള്ള ഉത്തരം കണ്ടെത്താനായില്ല. അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ട്‌, ഉത്തരം കണ്ടെത്താനായി യാത്രതുടങ്ങി. വിക്രമാദിത്യന്‍ വരരുചിക്ക് ഉത്തരം കണ്ടെത്താനായി 41 ദിവസത്തെ അവധി നല്‍കി.

നാല്‍പ്പതാം ദിവസം വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ, അദ്ദേഹം ഒരു ആല്‍മരച്ചുവട്ടിലിരിക്കേ ഉറങ്ങിപ്പോയി. ഉറങ്ങുന്നതിനു മുന്ന് വനദേവതമാരോട് പ്രാര്‍ത്ഥിച്ചാണ്‌ കിടന്നത്. വരരുചിയുടെ ഭാഗ്യത്തിന്‌ ആ ആല്‍മരം വനദേവതമാരുടെ വിടായിരുന്നു. അവര്‍ കൂട്ടുകാര്‍ അടുത്തുള്ള പറയി വീട്ടില്‍ പ്രസവത്തിനു പോകാനായി കൂട്ടുകാരായ ദേവതമാര്‍ വിളിച്ചിട്ടും പോവാതെ വരരുചിക്ക് കൂട്ട് ഇരുന്നു. വരരുചി ഉണര്‍ന്നപ്പോഴേക്കും പ്രസവത്തിനു പോയിരുന്നവര്‍ വന്നിരുന്നു വനദേവതമാരോട് സംസാരിക്കുന്നത് കേക്കാനിടയായി. ആ പറയിക്കുണ്ടായ പെന്ന്‍ കുഞ്ഞിന്റെ ഭാവി ഭര്‍ത്താവാരായിരിക്കും എന്ന കൂട്ടുകാരുടെ ചോദ്യത്തിന്‌ “മാം വിദ്ധി” എന്നത് പോലും അറിയാത്ത ഈ വരരുചിയായിരിക്കും എന്നായിരുന്നു വനദേവതമാര്‍ പറഞ്ഞത്‌.
“മാം വിദ്ധി”
“ രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം ”


രാമായണം, അയോദ്ധ്യാകാണ്ഡത്തിലെ എന്ന ശ്ലോകത്തെപ്പറ്റിയായിരുന്നു വനദേവതമാര്‍ പറഞ്ഞത്. ഇതു കേട്ട് സന്തോഷിച്ച വരരുചി വിക്രമാദിത്യ സദസ്സില്‍ എത്തുകയും ഈ ശ്ലോകം എട്ടു വിധത്തില്‍ വ്യാഖ്യനിക്കുകയും ചെയ്തു. സുമിത്ര വനവാസത്തിനു മു൯പ് ലക്ഷ്മണനെ ഉപദേശിക്കുന്നതാണ് ഈ ശ്ലോകം. രാമനെ ദശരഥനായും, സീതയെ അമ്മയായും അടവിയെ (വനത്തെ) അയോദ്ധ്യ ആയും കരുതുക എന്നതാണ് ഈ വരികളുടെ അ൪ത്ഥം. ഇതില്‍ ഏറ്റവും ശ്രേഷ്ഠമായത് സീതയെ അമ്മയായി കരുതുക എന്ന “മാം വിദ്ധി ജനകാത്മജാം” എന്ന വരിയാണ്. തന്റെ പ്രശ്നത്തിനു പരിഹാരം ലഭിച്ചെങ്കിലും, വനദേവതമാരുടെ ഭാവി പ്രവചനം കേട്ട്‌ പരിഭ്രാന്തനായ വരരുചി ആ പെണ്‍കുഞ്ഞിനെ നശിപ്പിക്കാ൯ തീരുമാനിച്ചു. ഈ പെണ്‍കുഞ്ഞ്‌ ജീവിച്ചിരിക്കുന്നത്‌ രാജ്യത്തിന്‌ ആപത്താണ്‌ എന്ന് അദ്ദേഹം വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു. ഈ ദുരവസ്ഥ ഒഴിവാക്കാനായി ആ പെണ്‍കുഞ്ഞിനെ നെറ്റിയില്‍ തീപന്തം തറച്ച്‌ വാഴത്തട(വാഴപ്പിണ്ടി) കൊണ്ടുണ്ടാക്കിയ ചങ്ങാടത്തില്‍ നദിയിലൊഴുക്കിയാല്‍ മതി എന്ന് നി൪ദ്ദേശിക്കുകയും ചെയ്തു. രാജകല്‍പനപ്രകാരം ഭടന്മാ൪ വരരുചിയുടെ ഇംഗിതം നടപ്പാക്കി.

അന്യജാതിയില്‍ പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാ൯ വരരുചി തെക്കോട്ട് സഞ്ചരിച്ച് കേരളത്തില്‍ എത്തി. വ൪ഷങ്ങള്‍ കഴിഞ്ഞ്‌ തന്റെ യാത്രക്കിടയില്‍ വരരുചി ഒരു ബ്രാഹ്മണഗൃഹത്തിലെത്തി.ആതിഥേയ൪ അദ്ദേഹത്തെ പ്രാതലിനു ക്ഷണിക്കുകയും പ്രാതല്‍ കഴിക്കാ൯ തീരുമാനിച്ച വരരുചി സ്നാനത്തിനായി പുറപ്പെടുകയും ചെയ്തു. കുളിക്കാ൯ പോകുന്നതിനു മു൯പായി ആ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കാ൯ തീരുമാനിച്ച വരരുചി കുറേ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു. കുളികഴിഞ്ഞെത്തുമ്പോള്‍ തനിക്കു വീരാളിപ്പട്ടു വേണം എന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. അതിനുപുറമേ താ൯ കഴിക്കുന്നതിനു മു൯പായി നൂറു പേ൪ക്ക്‌ ഭക്ഷണം നല്‍കണമെന്നും, ഭക്ഷണത്തിന്‌ നൂറ്റൊന്നു കറിയുണ്ടാവണമെന്നും, ഭക്ഷണം കഴിഞ്ഞാല്‍ തനിക്കു മൂന്നു പേരെ തിന്നണമെന്നും, അതുകഴിഞ്ഞാല്‍ നാലുപേ൪ തന്നെ ചുമക്കണമെന്നും വരരുചി ആവശ്യപ്പെട്ടു. വ്യവസ്ഥകള്‍ കേട്ട്‌ സ്തബ്ധനായി നിന്ന ബ്രാഹ്മണനോട്‌ വ്യവസ്ഥകള്‍ അംഗീകരിച്ചിരിക്കുന്നുവെന്നും കുളികഴിഞ്ഞെത്തുമ്പോഴേക്കും എല്ലാം തയ്യാറാക്കാം എന്നും പറയാനായി ഇതു കേട്ടു ഉള്ളില്‍ നിന്നിരുന്ന അദ്ദേഹത്തിന്റെ പുത്രി ആവശ്യപ്പെട്ടു.

വളരെ ബുദ്ധിമതിയായ ആ യുവതിക്ക്‌ വരരുചിയുടെ ആവശ്യങ്ങളുടെ പൊരുള്‍ മനസ്സിലായിരുന്നു. വീരാളിപ്പട്ട്‌ വേണം എന്ന ആവശ്യം ഊണിനു ശേഷം തനിക്കൊന്നു കിടക്കണം എന്നതാണെന്നും, നൂറുപേ൪ക്ക്‌ ഭക്ഷണം നല്‍കണമെന്ന ആവശ്യം അദ്ദേഹത്തിന്‌ ത൪പ്പണം ചെയ്യണം (പിതൃ ത൪പ്പണത്തിലൂടെ പിതാമഹന്മാരുടെ നൂറുകണക്കിന്‌ ആത്മാക്കള്‍ തൃപ്തരാവും എന്നാണ്‌ ഹൈന്ദവ വിശ്വാസം) എന്നാണെന്നും ആ യുവതി അച്ഛനു വിവരിച്ചുകൊടുത്തു. കൂടാതെ നൂറ്റൊന്നു കറി വേണം എന്ന ആവശ്യം ഇഞ്ചിക്കറിയെപ്പറ്റിയാണെന്നും, മൂന്നുപേരെ തിന്നണം എന്നത്‌ വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്‌ എന്നിവ കൂട്ടി മുറുക്കണം എന്നാണെന്നും, നാലു പേ൪ ചുമക്കണം എന്നത്‌ പറഞ്ഞത്‌ കിടക്കാ൯ കട്ടില്‍ വേണം എന്നാണെന്നും ആ യുവതി മനസ്സിലാക്കിയിരുന്നു.

യുവതിയുടെ ബുദ്ധിസാമ൪ത്ഥ്യത്തില്‍ ആകൃഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും യുവതിയുടെ പിതാവ്‌ ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു.നാളുകള്‍ക്കു ശേഷം വരരുചി തന്റെ ഭാര്യയുടെ നെറ്റിയില്‍ ഒരു മുറിവിന്റെ പാട്‌ കാണാനിടയായി. അതിന്റെ പിന്നിലെ കഥയെപ്പറ്റി ചോദിച്ച വരരുചിക്ക്‌, ആ യുവതി ആ ബ്രാഹ്മണന്റെ സ്വന്തം പുത്രിയല്ലെന്നും അവളെ അദ്ദേഹം എടുത്തുവളർത്തിയതാണെന്നും മനസ്സിലായി. അപ്പോള്‍ വരരുചി പഴയ കഥകള്‍ ഓ൪മ്മിക്കുകയും വനദേവതമാരുടെ പ്രവചനം ശരിയായി എന്ന് മനസ്സിലാക്കുകയും ചെയ്തു. സ്വന്തമായി സമുദാ‍യത്തില്‍ നിന്ന് ഭ്രഷ്ട് കല്‍പ്പിച്ച വരരുചി താ൯ ചെയ്ത പാപങ്ങള്‍ക്കു പ്രായ്ശ്ചിത്തമായി പത്നിയോടൊത്ത്‌ തീ൪ഥയാത്രയ്ക്കൂ പോകാ൯ തീരുമാനിച്ചു.

ഈ യാത്രയ്ക്കിടയില്‍ വരരുചിയുടെ ഭാര്യ ഗ൪ഭിണിയാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ വരരുചി കുട്ടിക്കു വായ ഉണ്ടോ എന്നു ചോദിക്കുകയും ഭാര്യ ഉണ്ട്‌ എന്നു മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ കുട്ടിയെ അവിടെ ഉപേക്ഷിച്ച്‌ പോകാം എന്നായിരുന്നു വരരുചിയുടെ നി൪ദ്ദേശം. തന്റെ ആദ്യ ശിശുവിനെ ഉപേക്ഷിക്കാ൯ മടിച്ചുനിന്ന ഭാര്യയോട്‌, വായ കീറിയ ഈശ്വരൻ൯ വായ്ക്ക് ഇരയും കല്‍പിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യാത്രയില്‍ വരരുചിക്കും പത്നിക്കുമായി വീണ്ടും കുട്ടികള്‍ ജനിച്ചു. ഇതേ പ്രവൃത്തി അവരുടെ പതിനൊന്നാമത്തെ കുട്ടിയുടെ കാര്യത്തില്‍ വരെ ആവ൪ത്തിക്കപ്പെട്ടു. അതിനാല്‍ ഇനിയുള്ള കുട്ടിയെ നഷ്ടപ്പെടരുത്‌ എന്ന ആഗ്രഹത്തില്‍, കുട്ടിക്കു വായുണ്ടോ എന്ന ചോദ്യത്തിന്‌ ആ അമ്മ ഇല്ല എന്നു മറുപടി നൽകി. എന്നാല്‍ കുട്ടിയെ എടുത്തോളൂ എന്ന് വരരുചി നി൪ദ്ദേശിച്ചു. വരരുചിയുടെ പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തിയാല്‍ അത്ഭുതകരമായി ആ കുട്ടിയുടെ വായ അപ്രത്യക്ഷമായി. ആ ശിശുവിനെ വരരുചി ഒരു മലയുടെ മുകളില്‍ പ്രതിഷ്ഠിക്കുകയും അവ൯ പിന്നീടു "വായില്ലാക്കുന്നിലപ്പ൯" എന്ന് അറിയപ്പെടുകയും ചെയ്തു.

ഈ സന്തതിപരമ്പരയിലെ ബാക്കി പതിനൊന്നു കുട്ടികളേയും സമൂഹത്തിന്റെ പല തട്ടുകളിലുള്ള വ്യക്തികള്‍ എടുത്തുവള൪ത്തി. ബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ജനിച്ച സന്തതിപരമ്പരയാണ്‌ പറയിപെറ്റ പന്തിരുകുലം എന്ന് അറിയപ്പെടുന്നത്‌.

മേഴത്തോള്‍ അഗ്നിഹോത്രി

പറയി പെറ്റ പന്തിരുകുലത്തിലെ പ്രഥമ പുത്രനാണ്‌ മേഴത്തോള്‍ അഗ്നിഹോത്രി.ബ്രഹ്മദത്ത൯ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാ൪ത്ഥ നാമധേയം. കലി വര്‍ഷം 3444 (AD342) മീനമാസം രണ്ടാം തിയ്യതി വ്യാഴാഴ്ച്ചയാണ്‌ അഗ്നിഹോത്രി ജനിച്ചത്‌ എന്ന് ചരിത്രം. വരരുചിയും പത്നിയും ഉപേക്ഷിച്ച നവജാത ശിശുവിനെ നിളാതീരത്തു നിന്നും,വേമഞ്ചേരി മനയിലെ അന്ത൪ജ്ജനം കണ്ടെടുത്ത്‌ വള൪ത്തി. വളരെ കുഞ്ഞുനാളിലേ കുട്ടിയില്‍ ഒരു ദിവ്യ ചേതസ്സ്‌ കാണപ്പെട്ടു. ഒരു ദിവസം അന്ത൪ജ്ജനം കുളിയ്ക്കാനായി പുഴയിലേയ്ക്ക്‌ പോയപ്പോള്‍ കൂടെ ചെന്ന കുട്ടി,അവരുടെ താളിക്കിണ്ണത്തില്‍,പുഴമണ്‍ കൊണ്ടുണ്ടാക്കിയ ശിവലിംഗം പ്രതിഷ്ഠിച്ചുവെന്നും, വരന്തുട്ടിക്കടവില്‍ വെച്ച്‌ പുഴയുടെ ഗതി മാറ്റി ഒഴുക്കി എന്നും ഐതിഹ്യം. പുഴമണ്‍ കൊണ്ടുണ്ടാക്കിയ ശിവലിംഗം തിരുത്താലത്തില്‍(താളിക്കിണ്ണത്തില്‍) പ്രതിഷ്ഠിച്ചതു കൊണ്ട്‌ അത്‌ തിരുത്താല അപ്പനും പിന്നീട്‌ തൃത്താല അപ്പനും ആയി മാറി എന്ന് വിശ്വാസം. ഈ ക്ഷേത്രം നില്‍ക്കുന്നതിനു ചുറ്റും ഉള്ള നാട്‌ തൃത്താല എന്ന പേരില്‍ അറിയപ്പെടുകയുണ്ടായി.

ബുദ്ധ,ജൈന സംസ്കാരങ്ങളുടെ വ്യാപനം മൂലം,യജ്ഞ സംസ്കാരം ഇല്ലാതായി മാറിയ കാലമായിരുന്നു അത്‌. അഗ്നിഹോത്രി,യജ്ഞ സംസ്കാരത്തെ പുനരുത്ഥരിയ്ക്കാനായി 100 സോമയാഗങ്ങള്‍ നടത്തി. നൂറു സോമയാഗങ്ങള്‍ നടത്തുന്ന പുരുഷ൯ ഇന്ദ്രപദത്തിന്‌ പ്രാപ്തനാണ്‌ എന്നാണ്‌ വിശ്വാസം. തൊണ്ണൂറ്റി ഒ൯പതാമത്തെ യാഗം അവസാനിയ്ക്കുന്ന ദിവസം ഇന്ദ്രന്‍ നേരിട്ട്‌ യാഗശാലയില്‍ എത്തുകയും നൂറാമത്തെ യാഗം നടത്തുന്നതില്‍ നിന്നും പിന്തിരിയണമെന്ന് അഗ്നിഹോത്രിയോട്‌ അഭ്യ൪ത്ഥിയ്ക്കുകയും ചെയ്തു. എന്നാല്‍,അഗ്നിഹോത്രി, താ൯ യാഗം നടത്തുന്നത്‌ ഇന്ദ്രപദവിയ്ക്കു വേണ്ടിയല്ല എന്നും,യജ്ഞസംസ്കാരത്തിന്റെ പുനരുത്ഥാരണം മാത്രമാണ്‌ തന്റെ ലക്ഷ്യം എന്നും അതു കൊണ്ട്‌ യാഗം നടത്താതിരിക്കാ൯ പറ്റില്ല എന്നും ഇന്ദ്രനോട്‌ പറഞ്ഞു.

32 മനകളില്‍ 7 മനകള്‍ മാത്രമായിരുന്നു അഗ്നിഹോത്രിയൊട്‌ യാഗങ്ങളില്‍ സഹകരിച്ചിരുന്നത്‌. ദേവേന്ദ്ര൯,ആ ഏഴ്‌ ഋത്വിക്കുകള്‍ക്കും അഗ്നിഹോത്രിയോടൊപ്പം,തനിയ്ക്ക്‌ തുല്യമായ പദവി നല്‍കുകയും നൂറാമത്തെ യാഗത്തിന്‌ ആശംസകള്‍ നേരുകയും ചെയ്തു എന്നും ഐതിഹ്യം.

അഗ്നിഹോത്രി യാഗങ്ങള്‍ നടത്തിയ സ്ഥലം പിന്നീട്‌ യജ്ഞേശ്വരം എന്നറിയപ്പെട്ടു. യാഗത്തിന്‌ അഗ്നി ജ്വലിപ്പിയ്ക്കാനായി യജ്ഞശാലയ്ക്ക്‌ തെക്കായുള്ള അരയാലിന്റെ വടക്കോട്ടുള്ള കൊമ്പായിരുന്നു ഉപയോഗിച്ചിരുന്നത്‌. ഇപ്പോഴും സോമയാഗങ്ങള്‍ക്ക്‌ അരണിയായി ഈ മരത്തിന്റെ കൊമ്പാണ്‌ കൊണ്ടു പോകുന്നത്‌.യാഗം നടക്കുന്ന സമയത്ത്‌ ഋത്വിക്കുകള്‍ക്കും,യജമാനനും,പത്തനാടിയ്ക്കും( യജമാന പത്നി) എന്തെങ്കിലും അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായാല്‍ അവരെ ചികില്‍സിക്കനായി വൈദ്യമഠം എന്ന മനയിലെ വൈദ്യന്മാരെയാണ്‌ നിയോഗിച്ചിരുന്നത്‌. ഇവരെ ശാലാവൈദ്യ൪ എന്ന പേരു കൊടുത്ത്‌ ആദരിയ്ക്കുകയും പിന്നീട്‌ ഈ കുടുംബത്തില്‍പിറന്ന പുരുഷന്മാരെല്ലാം അഷ്ഠവൈദ്യന്മാരായി തീരുകയും ചെയ്തു.

അഗ്നിഹോത്രി,മന്ദനമിശ്ര എന്ന പേരില്‍ ഭാവനാവിവേകം,സ്ഫോടസിദ്ധി,ബ്രഹ്‌മസിദ്ധി എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു.

അഗ്നിഹോത്രി തന്റെ നൂറാമത്തെ യാഗം അവസാനിപ്പിച്ചത്‌ കലിവ൪ഷം 3479ആമാണ്ട്‌(AD378),കുംഭമാസം 28-ം‌ തിയ്യതി ചൊവ്വാഴ്ച്ച ആയിരുന്നുവെന്നും,അന്ന് അദ്ദേഹത്തിന്‌ 34 വ൪ഷം,പതിനൊന്ന് മാസം 26 ദിവസം പ്രായമായിരുന്നുവെന്നും ചരിത്രം.

പിതാവായ വരരുചിയുടെ ശ്രാദ്ധത്തിന്‌,വായില്ലാക്കുന്നിലപ്പ൯ ഒഴികെ ഉള്ള പതിനൊന്ന് പേരും അഗ്നിഹോത്രിയുടെ ഇല്ലത്തില്‍ ഒത്തു ചേരാറുണ്ടായിരുന്നതായി പറയപ്പെടുന്നു.



പാക്കനാ൪

പറയിപെറ്റ പന്തിരു കുലത്തിലെ രണ്ടാമനാണ്‌ പാക്കനാ൪. പാക്കനാരെ പറയ സമുദായത്തില്‍പെട്ട മാതാപിതാക്കളാണ്‌ എടുത്തുവള൪ത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.

തൃത്താലയിലെ മേഴത്തോള്‍ അഗ്നിഹോത്രിയുടെ തറവാടായ വേമഞ്ചേരി മനയില്‍ നിന്ന് ഒരു വിളിപ്പാട് അകലെയാണ് പാക്കനാ൪ കോളനി അഥവാ ഈരാറ്റിങ്കല്‍ പറയ കോളനി. പാക്കനാരുടെ സന്തതി പരമ്പരയില്‍ പെട്ടവ൪ 18 വീടുകളിലായി ഈ കോളനിയില്‍ താമസിക്കുന്നു.

ഈ പ്രദേശത്തെ നമ്പൂതിരിമാരുടെ തലവ൯ ആയ ആഴ്വാഞ്ചേരി തമ്പ്രാക്കളെ തമ്പ്രാക്കള്‍ ആയി വാഴിച്ചത് പാക്കനാ൪ ആണെന്നു കരുതപ്പെടുന്നു.

രജക൯
പറയിപെറ്റ പന്തിരു കുലത്തിലെ മൂന്നാമനാണ്‌ രജക൯ . വരരുചിയാല്‍ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ നിളാതീരത്ത്‌ താമസിച്ചിരുന്ന ഒരു അലക്കുകാരനാണ്‌ എടുത്തുവള൪ത്തിയതെന്ന് കരുതപ്പെടുന്നു. അഞ്ച് പെണ്മക്കള്‍ മാത്രമുണ്ടായിരുന്ന ആ അലക്കുകാര൯ തനിക്കു ലഭിച്ച ആണ്‍കുട്ടിയെ സന്തോഷത്തോടെ സ്വീകരിച്ച്‌ രജക൯ എന്ന് നാമകരണവും ചെയ്ത്‌ വള൪ത്തി എന്നാണ്‌ ഐതിഹ്യം.

വൈദിക വിദ്യാലയം എന്ന വേദപാഠശാല രജക൯ സ്ഥാപിച്ചു. കടവല്ലൂരിലെ ഈ സ്ഥാപനമാണ് പിന്നീട് വേദപഠനത്തിന്റെ മാറ്റു നോക്കുന്ന പ്രധാന കേന്ദ്രമായ കടവല്ലൂ൪ അന്യോന്യത്തിന്റെ കേന്ദ്രമായി മാറിയത്.

രജകനും അദ്ദേഹത്തിന്റെ ഗുരുവായ കുമാരിലഭട്ടനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം പൂ൪വ്വമീമാംസ രണ്ട് ശാഖകളായി പിരിഞ്ഞ് രജകന്റെ പ്രഭാകര ചിന്താധാരയും കുമാരിലഭട്ടന്റെ ഭട്ട ചിന്താധാരയും ആയി മാറി. ഭട്ട-ചിന്താധാരയായിരുന്നു കേരളത്തില്‍ കൂടുതല്‍ പ്രചാരത്തിലായത്. കാലക്രമേണ രജകന്റെ വിദ്യാലയം നാമാവശേഷമാവുകവും തൃശ്ശൂ൪, തിരുനാവായ വിദ്യാപീഠങ്ങള്‍ കടവല്ലൂ൪ അന്യോന്യം ഏറ്റെടുക്കുകയും ചെയ്തു.

നാറാണത്ത്‌ ഭ്രാന്ത൯

കേരളത്തില്‍ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ അംഗമാണ്‌ നാറാണത്ത്‌ ഭ്രാന്ത൯. കേവലം ഒരു ഭ്രാന്ത൯ എന്നതിലുപരി ഒരു അവതാരമായാണ്‌ അദ്ദേഹത്തെ സങ്കല്‍പിച്ചുപോരുന്നത്‌.മലയുടെ മുകളിലേക്ക് ഒരു വലിയ കരിങ്കല്ലുരുട്ടിക്കയറ്റി അതിനെ താഴോട്ടു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തന് ഗ്രീക്ക് പുരാണത്തിലെ ‘സിസിഫസ്‘ എന്ന ദേവനുമായി സാമ്യമുണ്ട്. സിസിഫസ് സ്യൂസ് ദേവന്റെ ശിക്ഷയായിയാണ് ആയുഷ്കാലം മുഴുവ൯ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുന്നതും തള്ളി താഴേക്കിടുന്നതെങ്കില്‍ നാറാണത്തുഭ്രാന്ത൯ സ്വയേഛയാലാണ് ഈ പ്രവൃത്തി ചെയ്യുന്നത് എന്ന വ്യത്യാസമേയുള്ളൂ. എപ്പോഴും യാത്രയിലായിരിക്കുന്ന നാറാണത്ത് ഭ്രാന്ത൯ രാത്രി എവിടെയാണോ എത്തുന്നതു അവിടെ വെള്ളവും തീയും ഉള്ള സ്ഥലമാണെങ്കില്‍ അവിടെത്തന്നെ അടുപ്പു കൂട്ടുകയും അന്നന്നു ഭിക്ഷ യാചിച്ചു കിട്ടുന്ന അരി വേവിച്ചു കഴിച്ചു അവിടെത്തന്നെ കിടന്ന് ഉറങ്ങുകയും ചെയ്യും.അപ്രകാരം ഒരു ദിവസം നാറാണത്തു ഭ്രാന്ത൯ എത്തിച്ചേ൪ന്നതു ഒരു ചുടുകാട്ടിലായിരുന്നു.അവിടെ അന്നു ഒരു ശവം ദഹിപ്പിക്ക൯ ഉണ്ടായിരുന്നതിനാല്‍ ധാരാളം തീക്കനല്‍ കിട്ടാനുണ്ടായിരുന്നു.ഇന്നത്തെ വിശ്രമം ഇവിടെത്തന്നെ എന്നു നിശ്ചയിക്കുകയും ചെയ്തു.ഭക്ഷണം കഴിച്ചശേഷം തന്റെ മന്തുകാല്‍ അടുപ്പുകല്ലില്‍ കയറ്റിവച്ചു ഭ്രാന്ത൯ വിശ്രമിക്കുന്ന സമയത്താണു ചുടലയക്ഷിയും പരിവാരങ്ങളും അവിടെ എത്തിച്ചേ൪ന്നതു.അസമയത്തു ചുടലപ്പറമ്പിലിരിക്കുന്ന ആളെ ഒന്നു ഭയപ്പെടുത്തുകതന്നെ എന്നു കരുതി അവ൪ ഭീകരശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും മറ്റും ചെയ്തു ചുടലപ്പറമ്പില്‍ കാളിയുടെയും ഭൂതഗണങ്ങളുടെയും ഭയാനകനൃത്തം കണ്ട് ഭയക്കാതിരുന്ന നാറാണത്തുഭ്രാന്തനോട് കാളി എന്തുവരവും ചോദിക്കുവാ൯ പറഞ്ഞപ്പോള്‍ തന്റെ വലതുകാലിലെ മന്ത് ഇടതുകാലിലേക്കു മാറ്റിത്തരുവാനാണ് നാറാണത്തുഭ്രാന്ത൯ ആവശ്യപ്പെട്ടത്. ഇഹലോകജീവിതത്തിന്റെ നിര൪ത്ഥകതയെ കണ്ടറിഞ്ഞവനായിരുന്നു നാറാണത്തുഭ്രാന്ത൯ എന്നുപറയാം.
കാരയ്ക്കലമ്മ

പറയിപെറ്റ പന്തിരു കുലത്തിലെ ഏകസ്ത്രീ ജന്മമാണ്‌ കാരയ്ക്കലമ്മ. കവളപ്പാറ സ്വരൂപമെന്ന രാജവംശജരാണ് പറയി പെറ്റ പന്തിരു കുലത്തിലെ ഏക സ്ത്രീ ജന്മമായ കാരയ്ക്കലമ്മയുടെ പിന്മുറക്കാരെന്ന് കരുതിവരുന്നു. മേഴത്തോള്‍ മനയുമായി ഈ രാജവംശം പുല ആചരിയ്ക്കാറുണ്ട് എന്നത് ഇതിനൊരു തെളിവാണ് .


അകവൂ൪ ചാത്ത൯

പറയി പെറ്റ പന്തിരുകുലത്തെപ്പറ്റിയുള്ള ഐതീഹ്യപ്രകാരം വരരുചി എന്ന ബ്രാഹ്മണന് പറയിയിൽ ജനിച്ച പന്ത്രണ്ടു സന്താനങ്ങളില്‍ ഒരാളാണ് അകവൂ൪ ചാത്ത൯. ഐതിഹ്യപ്രകാരം ചാത്ത൯ ചൊവ്വരയ്ക്കടുത്തുള്ള അകവൂ൪ മനയ്ക്കലെ ഭൃത്യനായി കാലയാപനം ചെയ്തിരുന്നു. അന്നത്തെ അച്ഛ൯ നമ്പൂതിരിപ്പാട്, അഗമ്യയായ ഒരു സ്ത്രീയെ പ്രാപിച്ചതിന്റെ പാപം പരിഹരിക്കാ൯ തീ൪ഥസ്നാനത്തിനു പുറപ്പെട്ടു. നമ്പൂതിരി ആടിയ തീ൪ഥങ്ങളിലൊന്നിലും ചാത്ത൯ കുളിക്കാ൯ കൂട്ടാക്കാതെ താ൯ കയ്യിലെടുത്തിരുന്ന ഒരു കയ്പ൯ചുരയ്ക്ക വെള്ളത്തില്‍ മുക്കിയെടുക്കുകമാത്രം ചെയ്തു. പാപം പരിഹൃതമായെന്ന വിശ്വാസത്തോടെ മടങ്ങിയെത്തിയ നമ്പൂതിരി ഒരു ദിവസം ചാത്തന്റെ ചുരയ്ക്ക നുറുക്കിയിട്ടുണ്ടാക്കിയ കറി കൂട്ടിയിട്ട് കയ്ക്കുന്നെന്നു പരാതിപ്പെട്ടു. കറിക്കു ചേ൪ത്തത് തീ൪ഥങ്ങളില്‍ മുക്കിയെടുത്ത ചുരയ്ക്കയുടെ കഷണങ്ങളാണെന്നും അത് കയ്ക്കുന്നെങ്കില്‍ 'തിരുമനസ്സി'ലെ പാപങ്ങള്‍ തീ൪ഥസ്നാനംകൊണ്ടു തീ൪ന്നിട്ടില്ലെന്നും ചാത്ത൯ സമാധാനം പറഞ്ഞു. നമ്പൂതിരിപ്പാട് ലജ്ജിതനായി. പാപമോചനത്തിന് പശ്ചാത്താപവും മനശ്ശുദ്ധിയുമാണ് വേണ്ടതെന്നും അവ കൂടാതെയുള്ള തീ൪ഥസ്നാനാദികള്‍ കൊണ്ട് ഫലമില്ലെന്നും അദ്ദേഹം ചാത്തനില്‍നിന്നു പഠിച്ചു.

ദിവസവും ഏഴരനാഴിക വെളുപ്പുള്ളപ്പോള്‍ എഴുന്നേറ്റു കുളിച്ച് ഉച്ചവരെ തേവാരം കഴിച്ച് പരബ്രഹ്മധ്യാനനിരതനായി വ൪ത്തിച്ച നമ്പൂതിരിയോട് പരബ്രഹ്മം എങ്ങനെയിരിക്കുമെന്നു ചാത്ത൯ ചോദിച്ചതിന് "നമ്മുടെ മാട൯പോത്തിനെപ്പോലിരിക്കും എന്നു നമ്പൂതിരി പരിഹാസമായി മറുപടി പറഞ്ഞുവെന്നും ചാത്ത൯ അതുകേട്ട് 41 ദിവസം ധ്യാനിച്ചതിന്റെ ഫലമായി പരബ്രഹ്മം മാട൯പോത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നും മറ്റൊരു കഥയുണ്ട്. അവസാനകാലത്ത് ചാത്ത൯ ഓച്ചിറപ്പടനിലത്ത് പരബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഭജനമിരിക്കയും അവിടെ ആണ്ടുതോറും നടന്നുവന്നിരുന്ന പടയിലൊന്നില്‍ ചേ൪ന്നു മരിച്ചു സായുജ്യം പ്രാപിക്കയും ചെയ്തുവെന്നാണ് ഐതിഹ്യം.

വടുതല നായ൪

പറയിപെറ്റ പന്തിരു കുലത്തിലെ ഒരംഗമാണ്‌ വടുതല നായ൪. വടുതല നായ൪ ആയോധനകലകളില്‍ പ്രാവീണ്യമുള്ളയാളായിരുന്നുവെന്നും ഇപ്പോഴത്തെ തൃത്താലയിലുള്ള, കുണ്ടൂലി നായ൪ കുടുംബത്തില്‍ പെട്ടവരാണ്‌ അദ്ദേഹത്തെ എടുത്തുവളർത്തിയതെന്നുമാണ്‌ പരക്കേയുള്ള വിശ്വാസം

വള്ളോ൯

പറയിപെറ്റ പന്തിരു കുലത്തിലെ നാ‍ലാമത്തെ അംഗമായിരുന്നു 'വള്ളോ൯‍'. വള്ളോനെ വള൪ത്തിയത് വള്ളക്കാരനായ കാട്ടുമാടനായിരുന്നു എന്നു പറയപ്പെടുന്നു. പക്ഷെ വള്ളുവന് അസാധാ‍രണ പാണ്ഡിത്യം ഉണ്ടായിരുന്നു.

തമിഴ് ഭാഷയിലെ സാഹിത്യ ശ്രേഷ്ഠനും ദ്രാവിഡ വേദത്തിന്റെ ക൪ത്താവുമായ തിരുവള്ളുവ൪ പന്തിരുകുലത്തിലെ വള്ളോ൯ ആണെന്നു വിശ്വസിക്കപ്പെടുന്നു. പരമ്പര്യമായി വള്ളുവ൪ എഴുതുവാനും വായിക്കുവാനും പഠിപ്പിക്കുന്ന അദ്ധ്യാപകരും ജ്യോതിശാസ്ത്ര വിശാരദരും മന്ത്രവാദികളും വൈദ്യരുമാണ്.

ഉപ്പുകൂറ്റ൯.

പറയിപെറ്റ പന്തിരു കുലത്തിലെ ഒരംഗമാണ്‌ ഉപ്പുകൂറ്റ൯. വരരുചിയുടെ തീർത്ഥയാത്രക്കിടയില്‍ പൊന്നാനിയില്‍ വച്ചാണ്‌ ഉപ്പുകൂറ്റ൯ ജനിച്ചതെന്നു കരുതപ്പെടുന്നു. അദ്ദേഹത്തെ എടുത്തുവള൪ത്തിയത്‌ മുസ്ലിം സമുദായത്തില്‍ പെട്ട മാതാപിതാക്കളാണെന്നാണ്‌ കരുതപ്പെടുന്നത്‌.

അദ്ദേഹത്തിന്റെ ഭ്രാന്തമായ കച്ചവട രീതികളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പാലക്കാട്ടുനിന്നും പൊന്നാനിയിലേയ്ക്ക്, പൊന്നാനിയില്‍ വളരെയേറെ സുലഭമായ ഉപ്പ്‌ കൊണ്ടുവരികയും പകരം പൊന്നാനിയില്‍ നിന്നു പാലക്കാട്ടേയ്ക്ക് അവിടെ സുലഭമായിരുന്ന പരുത്തി കൊണ്ടുപോകുകയും ചെയ്ത് ഉപ്പുകൂറ്റ൯ വ്യാപാരം ചെയ്തിരുന്നു എന്ന് പറയെപ്പെടുന്നു. മറ്റു പന്തിരുകുല അംഗങ്ങളുടെ ചെയ്തികളെപ്പോലെ വളരെയേറെ താത്വികമായ അ൪ത്ഥങ്ങള്‍ ഈ വ്യാപാരത്തില്‍ കാണാനാകും.

പാണനാ൪

പറയിപെറ്റ പന്തിരു കുലത്തിലെ എട്ടാമത്തെ ആള്‍ ആ‍ണ് പാണനാ൪. പാണനാരെ ഒരു ദരിദ്രനായ പാണനാണ് എടുത്തുവള൪ത്തിയത്. പാണനാ൪ക്ക് ശിവ-പാ൪വതിമാരുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട് എന്നാണ് പറപ്പെടുന്നത്.

തുകിലുണ൪ത്തി പാടുന്നത് പാണന്മാരാണ്. തമിഴ് വ്യാകരണ ഗ്രന്ഥമായ തൊല്‍ക്കാപ്പിയം, ശങ്കര കാലഘട്ടത്തിലെ കൃതികളായ അകത്തുനൂറ്, പുറത്തുനൂറ് എന്നിവയില്‍ പാണനാരെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. കേരളത്തിലെ വടക്ക൯ പാട്ടുകളിലും പാണനാരെ കുറിച്ച് പരാമർശിക്കുന്നു.

പെരുന്തച്ച൯

കേരളത്തില്‍ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ ഒരു അംഗമാണ്‌ പെരുന്തച്ച൯‍. വരരുചിയാല്‍ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ ഉളിയന്നൂരിലെ ഒരു തച്ചനാണു ‍(മരപ്പണിക്കാര൯) എടുത്തുവള൪ത്തിയതെന്നും ഇദ്ദേഹമാണു തച്ചുശാസ്ത്രത്തില്‍ അതിവിദഗ്ദ്ധനായിരുന്ന ഉളിയന്നൂ൪ പെരുന്തച്ചല്‍ എന്നുമാണു്‌ ഐതിഹ്യം.കേരളത്തിലെ പല പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം നി൪മ്മിച്ചതാണെന്നാണ് വിശ്വാസം.കൊട്ടാരക്കര ഗണപതി ക്ഷേത്രം ഉദാഹരണമാണ്.

വായില്ലാക്കുന്നിലപ്പ൯

പറയിപെറ്റ പന്തിരു കുലത്തിലെ അവസാനത്തെ അംഗമാണ്‌ വായില്ലാക്കുന്നിലപ്പ൯. വായില്ലാത്തവനായിത്തീ൪ന്ന ഈ പുത്രനെ വരരുചി ഒരു മലമുകളില്‍ പ്രതിഷ്ഠിച്ചു എന്നാണ്‌ വിശ്വാസം.

വായില്ലാക്കുന്നിലപ്പ൯ എന്നറിയപ്പെടുന്ന ഈ അംഗത്തെ ശബ്ദത്തിന്റെയും സംസാരശേഷിയുടേയും ദേവനായും കരുതപ്പെടുന്നു. പന്തിരുകുലത്തില്‍ പിന്മുറക്കാ൪ ഇല്ലാത്തത് വായില്ലാക്കുന്നിലപ്പനു മാത്രമാണ്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന ഗ്രാമത്തിലെ വായില്യാംകുന്നു് ക്ഷേത്രത്തിലാണു് വായില്ലാക്കുന്നിലപ്പനെ(വായില്യാംകുന്നപ്പനെ) പ്രതിഷ്ഠിച്ചിരിക്കുന്നതു്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ